ലക്നോ: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് രാജിവച്ച ദിവ്യ മിത്തൽ സ്വന്തം പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. ജൻ നീതി ഭാരത് എന്നാണ് പാർട്ടിയുടെ പേരെന്നും അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും ദിവ്യ മിത്തൽ അറിയിച്ചു.
എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയത്. തന്നോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ജനങ്ങളോട് അവർ ആഹ്വാനം ചെയ്യുകയും ചെയ്തു. ഓഗസ്റ്റ് 30നാണ് ദിവ്യ മിത്തൽ സർവീസിൽ നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെ അവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി സഖ്യത്തിലേർപ്പെടില്ലെന്നും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ദിവ്യ മിത്തൽ വ്യക്തമാക്കി. രാജിവെച്ചതിന് പിന്നാലെ പൊതുപദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസത്തെ അവർ ചോദ്യം ചെയ്തിരുന്നു. ഇനി ജനങ്ങൾക്കൊപ്പം നിന്ന് പോരാടുമെന്നും ദിവ്യ മിത്തൽ പ്രഖ്യാപിച്ചു.